മുംബൈ: മഹാരാഷ്ട്രയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 13 മരണം. 25 പേർക്ക് പരിക്കേറ്റു. റായ്ഗഡ് ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്.
പൂനെ- റായ്ഗഡ് അതിർത്തിയിൽവച്ചായിരുന്നു സംഭവം. പൂനെയിലെ പിമ്പിൾ ഗൗരവിൽ നിന്നും ഗൊറിഗാവിലേക്ക് യാത്രികരുമായി പോകുകയായിരുന്നു ബസ്. ഇതിനിടെ ബസിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇതോടെ താഴ്ചയിലേക്ക് മറിഞ്ഞു.
സംഭവ സമയം 41 യാത്രികരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവർക്കെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു. ചിലർക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായിരുന്നു. മറ്റ് ചിലർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്.
25 പേരെ ബസിൽ നിന്നും പരിക്കുകളോടെ പുറത്തെടുത്തിട്ടുണ്ട്. ഇവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. പോലീസിനൊപ്പം നാട്ടുകാരും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
Discussion about this post