ഖാർത്തൂം/ കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സുഡാനിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ വീടുകളിൽ തന്നെ തുടരണം എന്നായിരുന്നു എംബസി നൽകിയ നിർദ്ദേശം. ഇത് പ്രകാരം വീട്ടിൽ തന്നെ തുടരുകയായിരുന്നു ആൽബർട്ടും കുടുംബവും.
സുഡാനിൽ സംഘർഷത്തിന്റെ വാർത്തറിഞ്ഞ് നിരവധി പേരാണ് ആൽബർട്ടുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നത്. ഇത്തരത്തിൽ സുഹൃത്തിനോട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ആൽബർട്ടിന് വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽബർട്ട് നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. സംഭവ സമയം ഒപ്പം ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്. ഇരുവരും അത്ഭുത കരമായി രക്ഷപ്പെട്ടു. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ.
അതേസമയം സുഡാനിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. ഇതിനോടകം തന്നെ പല മേഖലകളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലായെന്നാണ് പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അവകാശപ്പെടുന്നത്. ഇതിന് പുറമേ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും വിമാനത്താവളത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തുവെന്നും ഇവർ വാദിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു.
Discussion about this post