മാഡ്രിഡ്: 500 ദിവസം നീണ്ടുനുന്ന ഭൂഗർഭ അറയിലെ അജ്ഞാത വാസത്തിന് ശേഷം വെറ്ററൻ അത്ലറ്റ് ബീയാട്രിസ് ഫ്ലമീനി പുറംലോകം കണ്ടു. 2021 നവംബർ 20നായിരുന്നു ഫ്ലമീനി ഗുഹയ്ക്കുള്ളിൽ കടന്നത്. ഗ്രനഡയിലെ ഗുഹയ്ക്കുള്ളിൽ കടക്കുമ്പോൾ ഫ്ലമീനിയുടെ പ്രായം 48 വയസായിരുന്നു.
അൽമേരിയ, ഗ്രനഡ, മ്യൂർസിയ സർവകലാശാലകളിലെ മനശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് നിരവധി വിവരങ്ങളുമായി ഫ്ലമീനി തിരികെ എത്തിയത്. ഫെബ്രുവരി 14 രാവിലെ 9.00 മണിക്കായിരുന്നു ആ തിരിച്ചുവരവ്. ഒരു ഗുഹയിൽ ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് താമസിച്ച വ്യക്തി എന്ന റെക്കോർഡ് ഇതോടെ അവർ സ്വന്തം പേരിലാക്കി.
ഏകാന്തതയും പരിത്യാഗവും മനുഷ്യ മനസിനെയും ശരീരത്തെയും എങ്ങനെ ബാധിക്കും എന്ന് മനസിലാക്കുകയായിരുന്നു തന്റെ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന്, പുറത്തെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഫ്ലമീനി പറഞ്ഞു. അറുപത്തിയഞ്ചാമത്തെ ദിവസം തനിക്ക് കാലബോധം നഷ്ടമായി. പിന്നീടുള്ള ദിവസങ്ങളിൽ വായനയും ചിത്രരചനയും തുന്നലുമായി കഴിച്ചുകൂട്ടി എന്നും അവർ പറയുന്നു.
കാലബോധം നഷ്ടമായതോടെ മിക്ക ദിവസങ്ങളിലും കുളിക്കാൻ പോലും മറന്നു. എന്നാൽ ഓരോ ദിവസത്തെയും ചിന്തകളും അനുഭവങ്ങളും കൃത്യമായി കുറിച്ചുവെച്ചു. ഇവ എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്ററി ഉടൻ പുറത്തിറങ്ങുമെന്ന് ബിയാട്രീസ് ഫ്ലമീനി അറിയിച്ചു.
പുറത്തിറങ്ങിയ ശേഷമാണ് കുളിയുടെ സുഖം ശരിക്കും അനുഭവിച്ചത്. ഗുഹയ്ക്കുള്ളിൽ 500 ദിവസം പൂർത്തിയാക്കിയെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ല. 160-170 ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ എന്നായിരുന്നു തന്റെ തോന്നൽ. ചില സന്ദർഭങ്ങളിൽ മനസ് വല്ലാതെ വേദനിച്ചിട്ടുണ്ട്. എന്നാൽ ദൗത്യം പൂർത്തീകരിച്ചപ്പോൾ ആ വേദന സന്തോഷമായി മാറിയെന്നും അവർ പറഞ്ഞു.
പുറംലോകവുമായി നിയന്ത്രിതമായ ആശയ വിനിമയ സംവിധാനം മാത്രമാണ് ബിയാട്രീസ് ഫ്ലമീനിക്ക് ഉണ്ടായിരുന്നത്. പുറത്തെത്തിയ ഉടൻ വിദഗ്ധ ഡോക്ടർമാർ അവരെ പരിശോധിച്ച് പൂർണമായ മാനസിക- ശാരീരിക ആരോഗ്യം ഉറപ്പ് വരുത്തി.













Discussion about this post