ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്തെത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി വമ്പൻ പരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
കർണാടകയിലെ തീരദേശ ജില്ലയായ ഉഡുപ്പി പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. ഉഡുപ്പി ചിക്കമഗ്ലൂരു ലോക്‌സഭാ സീറ്റിൽ എട്ട് നിയമസഭാ സീറ്റുകളുണ്ട്, ഉഡുപ്പിയിൽ നാലെണ്ണവും, ചിക്കമംഗളൂരുവിൽ അഞ്ച് എണ്ണവും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടിൽ ഏഴ് സീറ്റും ബിജെപി നേടിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് 15-20 റാലികളിൽ വരെ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിവരമുണ്ട്. ബിജെപി നേതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുപിയിൽ രണ്ടാം തവണയും അധികാരത്തിലേറിയ യോഗി ആദിത്യനാഥ് കർണാടകയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പെയ്നറാണ് അദ്ദേഹം. മെയ് 10 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് വോട്ടെണ്ണൽ.
Discussion about this post