കേരള വനം വകുപ്പിൻ്റെ പീച്ചി വന്യ ജീവി ഡിവിഷനിൽ പെട്ട ചൂലന്നൂർ മയിൽ സങ്കേതത്തിലെ മഴുതേക്കാം പാറയിൽ മഹാശിലായുഗ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനവധി മെഗാലിത്തിക്ക് സ്മാരകങ്ങൾ ലോകത്തെ കാത്തിരിപ്പുണ്ട്. ചരിത്ര യാത്രികനായ സായ്‌നാഥ് മേനോൻ നടത്തിയ യാത്രയിലാണ് മഴു തേക്കാം പാറയിലെ മഹാശിലായുഗ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ വ്യക്തമാക്കുന്നത്. വ്യത്യസ്തമായ അറിവുകൾ പങ്കു വയ്ക്കുന്ന കുറിപ്പുകളിലൂടെ ശ്രദ്ധേയനാണ് സായ്‌നാഥ്.
പാലക്കാട് / തൃശൂർ അതിർത്തിയിൽ,പെരിങ്ങോട്ടുകുറുശി പഞ്ചായത്തിൽ ആയക്കുറുശി എന്ന പ്രദേശത്താണ് ചെറിയൊരു മലമ്പ്രദേശമായ മഴു തേക്കാം പാറ സ്ഥിതി ചെയ്യുന്നത്.പണ്ട് ആളുകൾ മഴുവിന് മൂർച്ച കൂട്ടാൻ വേണ്ടി പാറയിൽ മഴു തേയ്ച്ച കാരണമാണ് ഈ ഭാഗത്തിന് മഴു തേക്കാം പാറ എന്ന പേര് വന്നത്.ആളുകൾ പറഞ്ഞ് പറഞ്ഞ് വന്നു ഇപ്പൊ അത് മൈതേക്കാം പാറ എന്നായി മാറിയിട്ടുണ്ട്
ബിസി 500,1000 വർഷം കാലം പഴക്കം കാണാൻ സാധിക്കുന്ന മഹാശിലായുഗ ശവ കുടീര സ്മാരകങ്ങളായ മുനിയറകളും ,മറ്റു കല്ലറകളും ഇവിടെ നമുക്ക് കാണാൻ ആകും.അത് കൂടാതെ ഹാരപ്പയിലും മറ്റും കണ്ടു കിട്ടിയതു പോലെയുള്ള black and red ware മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്..നന്നങ്ങാടികൾ ഇവിടെ ഉണ്ടായിരുന്നതിൻ്റെ സാധ്യതകളും തള്ളി കളയാൻ ആകില്ല.കാരണം ധാരാളം പുരാതനമായ കളിമൺ നിർമിതിയുടെ കഷണങ്ങൾ ,പഴയ കാലത്തെ മൺ കൂജയുടെ എല്ലാം അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു.
ഏകദേശം 2500,3000 വർഷങ്ങൾക്ക് മുന്നേ നമ്മുടെ പൂർവികർ ഉണ്ടാക്കിയ നിർമിതിയാണ് അതെന്ന് ഓർക്കും നേരം കൺ നിറയുന്നുണ്ടായിരുന്നു .ഇത്തരം പുരാതന അവശിഷ്ടങ്ങൾ ഒരിക്കലും ആരും എടുത്ത് കൊണ്ട് പോകാനോ നശിപ്പിക്കാനോ പാടുള്ളതല്ല .കാരണം ഇതൊന്നും നമ്മുടേത് അല്ലാ എന്നത് മാത്രമല്ല, ഇത് നാളത്തെ സമൂഹത്തിന് നമ്മുടെ പൂവികരുടെ ചരിത്രം എങ്ങനെയായിരുന്നു എന്ന് കാണിക്കാൻ കൂടിയുള്ളതാണ്.
മലനിരകൾ കേന്ദ്രീകരിച്ച് പശ്ചിമ ഘട്ടത്തിൽ അനവധി ഗോത്രങ്ങൾ നില നിന്നിരുന്നു എന്നും ഏകദേശം പതിനാലോളം ഗോത്ര വിഭാഗങ്ങൾ അതിൽ പെടും എന്നും തമിഴ് നാട്ടിലെ ഒരു ചരിത്രകാരൻ്റെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാൻ ആയിരുന്നു.അതിൻ്റെ എല്ലാം ഒരു ഭാഗം തന്നെയാകും ഇവിടെ ഉള്ള പുരാതന കല്ലറകൾ എന്ന് വിശ്വസിക്കുന്നു.ഇതേ മലയുടെ ഒരറ്റമായ തോലനൂർ ഭാഗത്തും പുരാതന കല്ലറകൾ ഉണ്ട്.അത് കൂടാതെ ഈ മലയുടെ ചുറ്റുവട്ട ഗ്രാമങ്ങളായ കുത്തനൂർ, നെച്ചൂർ ,മുപ്പുഴ, ചിതലി,ഭാഗത്തുള്ള മലകളിലും ധാരാളം മെഗാലിത്തിക്ക് സ്മാരകങ്ങൾ ഉണ്ട്.ഒരു പക്ഷെ പണ്ട് കാലത്ത് ഇവയെല്ലാം തമ്മിൽ ഒരു ബന്ധം കൂടി ഉണ്ടായിരുന്നിരിക്കാം..ഈ മലകളുടെ എല്ലാം താഴെയായി പാലക്കാടിൻ്റെ കാർഷിക സമ്പത്ത് കൂടി നിറഞ്ഞു കിടപ്പുണ്ട്.ഒരു പക്ഷെ പാലക്കാടിൻ്റെ കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ച പൂർവികർ ഈ മുകളിൽ സ്മാരകങ്ങളിൽ ശാന്തമായി ഉറങ്ങുന്നവരായിരിക്കാം.
ഇവിടുത്തെ ഏറ്റവും വലിയ മുനിയറ തോലൻ്റെ കട്ടിൽ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നത്. രണ്ട്, മൂന്ന് പേർക്ക് അതിൽ സുഖമായി ഇരിക്കാം .അതിൻ്റെ മുകളിലെ സ്ലാബിന് ഏകദേശം എട്ടടിയിൽ അധികം നീളവും വീതിയും ഉണ്ട്.നാല് ഭാഗത്തും നിറയെ കല്ലുകൾ കൊണ്ട് അടുക്കി മുകൾ ഭാഗത്ത് വലിയ കൽ സ്ലാബ് വച്ചുള്ള രീതിയിലാണ് ഇവിടുത്തെ മുനിയറകളുടെ നിർമ്മാണ രീതി.നമ്മുടെ പൂർവികർ അതെല്ലാം നിർമിക്കാൻ എന്ത് ആയുധമാണാവോ ഉപയോഗിച്ചിട്ടുണ്ടാവുക.പണ്ട് കാലത്ത് തോലൻ എന്നൊരു മനുഷ്യന് അവിടെ ജീവിച്ചിരുന്നു എന്നും,അദ്ദേഹം കിടക്കാൻ വേണ്ടി നിർമ്മിച്ച കട്ടിലാണ് ഇതെന്നുമാണ് അവരുടെ വിശ്വാസം. അത് കൊണ്ടാണ് മുനിയറയെ അവർ തോലൻ്റെ കട്ടിൽ എന്ന് വിളിക്കുന്നത്. തോലൻ്റെ ഊരാണ് ( നാട്) പിന്നീട് തോലന്നൂരായി മാറിയതത്രേ. തോലനൂരിലെ ചില ഭാഗങ്ങളിൽ തോലന് ആരാധന നടത്തുന്ന ചടങ്ങുകൾ നടക്കാറുണ്ട്.
പൂർവികാരാധന നല്ലൊരു കാര്യം തന്നെയാണ് ഇത്തരം പുരാതന ജീവിത സംസ്കാരത്തിൻ്റെ തെളിവുകൾ ബാക്കി വയ്ക്കുന്ന പല മല നിരകളും ഇന്ന് ക്വാറിക്കാരുടെ കയ്യിലാണ് എന്ന് അറിയാൻ സാധിച്ചു..നമുക്ക് ഒരു ഹാരപ്പയും മോഹൻ ജെദാരോയും മാത്രം മതിയോ.പോരാ.അതിനു എന്ത് വേണം.നമ്മുടെ കാടുകളും മലനിരകളും സംരക്ഷിക്കപ്പെടണം..ഇവയെല്ലാം സംരക്ഷിക്കപ്പെട്ടാലെ മലയുടെ മുകളിൽ ഉള്ള മെഗാലിത്തിക്ക് സ്മാരകങ്ങൾ നില നിൽക്കുകയുള്ളൂ…നമ്മുടെ വളർന്നു വരുന്ന കുട്ടികൾക്ക് പൂർവികരുടെ സ്മാരകങ്ങൾ കാണിച്ച് കൊടുക്കേണ്ടത്,അവ നില നിർത്തേണ്ടത് നമ്മുടെ കടമ കൂടിയാണ്. നിലവിൽ ഒരു ഇക്കോടൂറിസം കേന്ദ്രം അല്ലാത്തതിനാൽ മഴു തേക്കാം പാറയിലേക്ക് പ്രവേശനം വനം വകുപ്പിൻ്റെ അനുമതിയോടെ മാത്രമേ ഉള്ളൂ
Discussion about this post