ടെഹ്‌റാൻ: മനോഹരമായ കാഴ്ച കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന ധാരാളം സ്ഥലങ്ങൾ ഈ ലോകത്ത് ഉണ്ട്. അത്തരത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യമാണ് ഇറാൻ. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിലാണ് ഇറാൻ ഇന്ന് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരത്തിനായി അധികമാരും അങ്ങോട്ട് പോകാറില്ല. എന്നാൽ അതിമനോഹരമായ സ്ഥലങ്ങൾ ഇറാനിൽ ഉണ്ട്. അത്തരത്തിൽ നമ്മെ മനോഹാരിത കൊണ്ട് അതിശയിപ്പിക്കുന്ന ഒരു പ്രദേശം ആണ് ഹോർമസ് ഐലന്റ്.
ചുടു ചോര പടർന്നൊഴികിയിരിക്കുന്നതാണെന്നേ ഈ ഐലന്റ് കണ്ടാൽ ആദ്യം തോന്നുകയുള്ളൂ. അത്രയേറെ ചുവപ്പാണ ഹോർമസ് ഐലന്റിന്റെ മണ്ണിന്. ഇത് തന്നെയാണ് ഈ ഐലന്റിനെ വ്യത്യസ്തം ആക്കുന്നതും. വേനൽകാലത്ത് ഇവിടുത്തെ നദികൾ ചൂട് കൊണ്ട് തിളച്ചുമറിയും. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഇവിടം. ഇവിടുത്തെ നദികളിലും കടലുകളിലും വലിയ മത്സ്യസമ്പത്ത് തന്നെയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെയുള്ളവരിൽ ബഹുഭൂരിഭാഗവും മത്സ്യത്തൊഴിലാളികൾ ആണ്.
ചോര ചുവപ്പ് മാത്രമല്ല ഹോർമുസ് ഐലന്റിന്റെ മണ്ണിന്റെ പ്രത്യേക. ഈ മണ്ണ് നമുക്ക് ഭക്ഷിക്കാനും കഴിയും. ഇവിടുത്തെ ആളുകൾ ഉപ്പിന് പകരം ഭക്ഷണത്തിൽ മണ്ണാണ് ചേർക്കുക. ഈ മണ്ണ് ചേർത്ത് പാകം ചെയ്ത ഭക്ഷണത്തിന് നല്ല രുചിയാണ് അനുഭവപ്പെടുക. 70 ഇനം ധാതുക്കളാണ് ഈ മണ്ണിൽ അടങ്ങിയിരിക്കുന്നത്. വലിയ തോതിൽ ഉപ്പിന്റെ അംശവും ഇതിലുണ്ട്. അതിനാലാണ് ഭക്ഷണത്തിൽ ഇവ ചേർക്കുമ്പോൾ രുചിയേറുന്നത്.
ഈ മണ്ണ് ഉപയോഗിക്കുന്നതിനാൽ നല്ല ആരോഗ്യമുള്ളവരാണ് ഇവിടുത്തെ ആളുകൾ. കാരണം ഈ മണ്ണിൽ അടങ്ങിയിട്ടുള്ള എല്ലാ ധാതുക്കളും മനുഷ്യരുടെ ശരീരത്തിന് ആവശ്യമുള്ളതാണ്. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ആണ് ഇവർ ഈ മണ്ണ് ഭക്ഷണങ്ങളിൽ ചേർക്കാറ്. ഇതിന് പുറമേ ഈ മണ്ണ് കുഴച്ചെടുത്ത് പ്രത്യേക തരത്തിലുള്ള ബ്രെഡും ഉണ്ടാക്കാറുണ്ട്.
കാഴ്ചയിൽ മനോഹരമാണെങ്കിലും ഇവിടേയ്ക്ക് സഞ്ചാരികൾ എത്തുന്നത് വളരെ കുറവാണ്. ഇവിടെ അനുഭവപ്പെടുന്ന കഠിനമായ ചൂടാണ് ഇതിന് കാരണം. വേനൽകാലങ്ങളിൽ ഇവിടെ ചൂടിന്റെ കാഠിന്യം കൂടും. എല്ലാ ജലസ്രോതസ്സുകളും ചൂട് പിടിക്കും. അതിനാൽ പുറത്തുനിന്നും എത്തുന്നവർക്ക് ഇവിടെ തങ്ങുക അൽപ്പം കഷ്ടമാണ്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേർഷ്യൻ ഗൾഫിന് സമീപമുള്ള കടലിൽ ഉപ്പിന്റെ കട്ടിയുള്ള പാളി നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നാണ് ബ്രിട്ടനിലെ ജിയോളജിക്കൽ റിസർച്ചിലെ ചീഫ് സയന്റിസ്റ്റ് ഡോ. കാതറിൻ ഗുഡ്നഫ് പറയുന്നത്. പിന്നീട് അതിന് മുകളിൽ കൂടുതൽ പുതിയ പാളികൾ അടിഞ്ഞുകൂടാൻ തുടങ്ങി. അങ്ങിനെയാണ് ഇത്രയും ഉപ്പ് മണ്ണിൽ കലർന്നത് എന്നും കാതറിൻ വ്യക്തമാക്കുന്നു.
Discussion about this post