തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. ചിന്തയ്ക്ക് പകരം മറ്റൊരു ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമായ എം.ഷാജർ കമ്മീഷൻ അധ്യക്ഷനാകും. ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ് ഷാജർ.
മൂന്ന് വർഷമാണ് കമ്മീഷൻ അധ്യക്ഷന്റെ കാലാവധി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്ത കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിയമനം നേടുന്നത്. സർക്കാരിന്റെ അവസാന കാലത്ത് വീണ്ടും നിയമനം നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ ചിന്ത രണ്ട് ടേം പൂർത്തിയാക്കിയിരുന്നു.
അതേസമയം കാലാവധി കഴിഞ്ഞിട്ടും പദവിയിൽ തുടരുന്ന ചിന്ത ജെറോമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് പരാതി നൽകിയത്. ഗ്രേസ് പിരിയഡിൽ കൂടി ശമ്പളം വാങ്ങിയെടുക്കാനാണ് ചിന്ത പദവിയിൽ തുടരുന്നതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
Discussion about this post