തിരുവനന്തപുരം: വന്ദേഭാരതിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചു. തമ്പാനൂരിൽ നിന്നാണ് ട്രെയിൻ യാത്ര ആരംഭിച്ചിരിക്കുന്നത്. കാസർകോട് വരെയും തിരിച്ച് തിരുവനന്തപുരത്തേക്കുമാണ് പരീക്ഷണ ഓട്ടം നടത്തുക. പുലർച്ചെ 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നേരത്തെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് നിശ്ചയിച്ചിരുന്നത്.
ഒന്നര വർഷത്തിനുള്ളിൽ വന്ദേഭാരത് 110 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്ററാകും. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയിൽ 160 കിലോമീറ്റർ വേഗത കൈവരിക്കും. വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ ഡിസംബറോടെ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ട്രയൽ റൺ നടത്തിയിരുന്നു. പരീക്ഷണ ഓട്ടത്തിൽ 7 മണിക്കൂർ 10 മിനിട്ടിലാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. തിരികെ 2.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്തെത്തി.
Discussion about this post