മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ നടപടിയുമായി റവന്യുവകുപ്പ്. എസ്.രാജേന്ദ്രൻ കയ്യേറി കൈവശം വച്ചിരുന്ന ഭൂമി തിരിച്ച് പിടിച്ച് റവന്യുവകുപ്പ് ബോർഡ് സ്ഥാപിച്ചു. മൂന്നാർ ഇക്കാ നഗറിലെ ഒൻപത് സെന്റ് ഭൂമിയാണ് തിരിച്ച് പിടിച്ചത്.
എന്നാൽ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അന്യായമായ നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞു. ഭൂമി വിഷയത്തിൽ തനിക്ക് നോട്ടീസ് നൽകാതെയാണ് റവന്യു വകുപ്പ് നടപടിയെടുത്തത്. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിക്കുമ്പോൾ ഉദ്യോഗസ്ഥർ ഇത്തരത്തിൽ നടപടിയെടുക്കാൻ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
എസ്. രാജേന്ദ്രൻ എംഎൽഎ ആയിരുന്നപ്പോഴും അതിന് ശേഷവും കയ്യേറ്റ ഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുൻപേ തന്നെ ഉയർന്നിരുന്നു. രാജേന്ദ്രന്റെ കൈവശമുള്ള ഈ ഭൂമിക്ക് കൃത്യമായ ലാൻഡ് അസസ്മെന്റ് നടപടിക്രമങ്ങൾ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണ് ഉള്ളതെന്നും, വ്യാജപട്ടയമാണെന്നും ആരോപണം ഉയർന്നിരുന്നു. നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നപ്പോൾ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ രാജേന്ദ്രനായി രംഗത്തെത്തിയിരുന്നു. പട്ടയഭൂമിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതേ ഭൂമിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.
പിന്നീട് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് രാജേന്ദ്രൻ പാർട്ടിയുമായി അകലുകയും ചെയ്തു. ഇതോടെ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് റവന്യു വകുപ്പ് ഈ വിഷയത്തിൽ നടപടികൾ ആരംഭിച്ചത്. രാജേന്ദ്രന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയെന്നും, എന്നാൽ മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
Discussion about this post