തിരുവനന്തപുരം: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുവരെ ഇല്ലാത്ത ഒരു പുതിയ സംവിധാനമാണ് ഇപ്പോൾ കണ്ടത്. നാലഞ്ച് മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേത്.
കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണ്. പണ്ട് ലാവലിൻ കേസിൽ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ വളരെ മോശമായ രീതിയിലാണ് യാത്രയാക്കിയത്. എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും സതീശൻ ആരോപിച്ചു.
ഈ മാസം 23നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ വിരമിക്കുന്നത്. കഴിഞ്ഞ ദിവസം കോവളം ലീല ഹോട്ടലിലാണ് യാത്രയയപ്പ് നൽകിയത്. കുടുംബസമേതമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. വിരമിക്കുന്ന ജഡ്ജിമാർക്ക് സാധാരണ സർക്കാർ യാത്രയയപ്പ് നൽകാറില്ല. ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾകോർട്ട് യാത്രയയപ്പാണ് നൽകാറുള്ളത്.
അതേസമയം സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ് അയച്ചതിനെതിരെയും സതീശൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇത് കൈകാര്യം ചെയ്യുന്നത്. ഞങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട. മുഖ്യമന്ത്രിയും എകെജി സെന്ററുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമ സഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു.
Discussion about this post