ഖാർത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് നടപടി. ട്വിറ്ററിലൂടെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പ്രാദേശികസമയം രാവിലെ ആറ് മണിക്ക് വെടിനിർത്തൽ ആരംഭിക്കുമെന്നും ഇവർ പ്രസ്താവനയിൽ പറയുന്നു.
അതേസമയം സുഡാൻ സായുധ സേന ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 330ലധികം ആളുകളാണ് സുഡാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകൾ യുദ്ധത്തിലൂടെ അഭയാർത്ഥികളായി മാറി.
സുഡാനിലെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ ആഴ്ചകളായി നിലനിന്നിരുന്ന അസ്വാരസ്യമാണ് ഒടുവിൽ വലിയ ആക്രമണമായി പൊട്ടിത്തെറിച്ചത്. അധികാരം പിടിക്കാനുള്ള പോരാട്ടം നിർത്തി ഇരുപക്ഷവും രമ്യതയിലേക്ക് നീങ്ങണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഉള്ളത് താത്കാലിക വെടിനിർത്തൽ മാത്രമാണെന്നാണ് വിവരം.
സുഡാന്റെ പല മേഖലകളിലും കനത്ത വ്യോമാക്രമണമാണ് നടന്ന് വരുന്നത്. വൈദ്യുതിയും പല മേഖലകളിലും വിച്ഛേദിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഖാർത്തൂമിലും ഓംഡുർമാൻ നഗരത്തിലുമാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post