കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരി താഹിറ ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയെന്ന് മൊഴി. എന്നാൽ മാതാവ് മറ്റ് രണ്ട് കുട്ടികൾക്കൊപ്പം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ ഈ ഐസ്‌ക്രീം കഴിച്ചില്ല. ഇവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊല്ലപ്പെട്ട അഹമ്മദ് ഹസൻ റിസായി ഐസ്‌ക്രീം എടുത്ത് കഴിക്കുന്നത്.
ഐസ്‌ക്രീം കഴിച്ചതോടെ ഛർദ്ദിച്ച് അവശനിലയിലായ കുട്ടി കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരി താഹിറയെ സംഭവവുമായി ബന്ധപ്പെട്ട് ഇന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കുടുംബവുമായി താഹിറക്ക് നേരത്തെ മുതൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ കുട്ടി മരിച്ചതോടെയാണ് സംശയങ്ങൾ ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താഹിറയുടെ പങ്ക് കണ്ടെത്തുന്നത്. അതേസമയം കൊലപാതകത്തിൽ താഹിറയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി അന്വേഷണം തുടരുകയാണ്.












