ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ചട്ടവിരുദ്ധമായി പൈലറ്റ് പെൺസുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്(ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരിയായ ക്രൂ അംഗം, പൈലറ്റ്, സഹപൈലറ്റ്, അന്നേ ദിവസം വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ തുടങ്ങിയവർ ഡിജിസിഎയ്ക്ക് മുന്നിൽ ഇന്നലെ ഹാജരായി. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ക്യാബിൻ ക്രൂ പരാതി നൽകിയത്. പരാതിയിന്മേൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ എയർലൈനിന്റെ ഫ്‌ളൈറ്റ് സേഫ്റ്റി മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. പൈലറ്റ് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. ഫെബ്രുവരി 27ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം. ദുബായിൽ നിന്ന് യാത്ര തിരിച്ചയുടനെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പെൺസുഹൃത്തിനെ കോക്പിറ്റിലേക്ക് വിളിക്കുകയായിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് ഈ യുവതി പൈലറ്റിനൊപ്പം കോക്പിറ്റിൽ ഇരുന്നതെന്നാണ് ക്രൂ അംഗം പറയുന്നത്.
സംഭവത്തിൽ പൈലറ്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സസ്‌പെൻഷൻ, അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വരും. നിയമപ്രകാരം വിമാനത്തിലെ ജീവനക്കാർക്ക് മാത്രമാണ് കോക്പിറ്റിലേക്ക് പ്രവേശനം ഉള്ളത്. അതും പൈലറ്റിന്റെ അനുമതിയോടെ മാത്രം. പ്രവേശിക്കുന്നതിന് മുൻപ് ബ്രീത് അനലൈസൻ ടെസ്റ്റ് നടത്തണമെന്നും നിർദ്ദേശങ്ങളുണ്ട്.
Discussion about this post