കൊച്ചി : കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ ആരംഭിക്കും. ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ് നടത്തുന്നത്. 20 രൂപയാണ് നിരക്ക്. ഏപ്രിൽ 27 മുതൽ വൈറ്റില– കാക്കനാട് റൂട്ടിൽ സർവീസ് തുടങ്ങും. 30 രൂപയാണ് ഈ റൂട്ടിൽ നിരക്ക്.
രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് ബോട്ട് സർവീസ്. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ട് ഉണ്ടാകും. ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക. ശീതീകരിച്ച ബോട്ടുകൾ, ജലസ്രോസതുകളെ മലിനമാക്കാത്ത ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്‌ളോട്ടിങ് പോണ്ടൂണുകൾ, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോൾ സിസ്റ്റം എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.
മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകളായിരിക്കും സർവ്വീസ് നടത്തുക.
കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടൻ ലഭിക്കും. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്.
നിരക്കുകൾ അറിയാം
ഹൈക്കോടതി- വൈപ്പിൻ – 20 രൂപ
വൈറ്റില- കാക്കനാട് – 30 രൂപ
പ്രതിവാര പാസ് – 180 രൂപ
പ്രതിമാസ പാസ് – 600 രൂപ
ത്രൈമാസ പാസ് – 1500 രൂപ
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസ്സുകൾക്ക് ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post