കാസർകോട്: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയതിനെ തുടർന്ന് ദുരിതത്തിലായി രോഗികൾ. ആറാം നിലയിൽ നിന്നും ചുമട്ടുതൊഴിലാളികൾ ചേർന്ന് രോഗിയെ ചുമന്ന് താഴെയിറക്കി. ഓട്ടോ ഡ്രൈവറായ രോഗിയെ ആണ് താഴെ ഇറക്കാൻ സൗകര്യമില്ലാത്തതിനെ തുടർന്ന് ചുമന്ന് താഴെയെത്തിച്ചത്.
രണ്ട് ദിവസം മുൻപാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവറെ ഡിസ്ചാർജ് ചെയ്തത്. നടന്ന് താഴെയിറങ്ങാൻ കഴിയാത്തതിനാൽ ആറാം നിലയിലെ വാർഡിൽ തന്നെ തുടർന്നു. ലിഫ്റ്റ് ഉടൻ ശരിയാകുമെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് ആശുപത്രി ജീവനക്കാർ പറഞ്ഞിരുന്നത്. ഈ വാക്കുകൾ വിശ്വാസത്തിലെടുത്തുകൊണ്ട് കൂടിയായിരുന്നു അദ്ദേഹം ആശുപത്രിയിൽ തുടർന്നത്.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞും രണ്ട് ലിഫ്റ്റുകളിൽ ഒന്നു പോലും ആശുപത്രി ശരിയാക്കിയില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ സഹായത്തിനായി ചുമട്ടുതൊഴിലാളികളെ ആശ്രയിച്ചത്.
ആകെ ഏഴ് നിലകളാണ് ആശുപത്രിയ്ക്കുള്ളത്. ഇതിൽ തീവ്രപരിചരണ വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയാ എന്നീ മുറികൾ മുകൾ ഭാഗത്തായാണ്. ലിഫ്റ്റ് ഇല്ലാത്തതിനാൽ ഇവിടേയ്ക്ക് എത്താൻ രോഗികൾക്കുൾപ്പെടെ പടികൾ കയറേണ്ട അവസ്ഥയാണ്. കഴിഞ്ഞ ആഴ്ച ഒരു മൃതദേഹം ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയാണ് താഴെയെത്തിച്ചത്.
Discussion about this post