കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്യാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസിനുള്ളിലെ മതതീവ്രവാദികളാണ് ഇതിന് പിന്നിൽ. അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിൽ സന്യാസിയെക്കൊന്ന് ഇക്കൂട്ടർ പ്രതികാരം തീർത്തതാണെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി.
സന്യാസിയെ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഒരു പ്രത്യേക വിഭാഗം ചേർന്ന് കൊലപ്പെടുത്തിയതാണ്. ഒരു പാവത്തിനെ കൊന്ന് കൊടും ക്രിമിനൽ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന്റെ പക തീർത്തിരിക്കുകയാണ് ഇക്കൂട്ടർ. ‘ഹാംഗിംഗ് ബംഗാൾ’ എന്ന രീതിയാണ് തൃണമൂൽ കോൺഗ്രസ് പണ്ടുമുതലേ ബംഗാളിൽ സ്വീകരിച്ചു പോന്നിരുന്ന നയം. ഇതാണ് സന്യാസിയുടെ കാര്യത്തിലും ഇവിടെ സംഭവിച്ചിരിക്കുന്നത്.
സന്യാസിയുടെ മരണത്തിന് ശേഷം നാനാ ഭാഗത്ത് നിന്നും സന്യാസിമാരുടെയും ആത്മീയ നേതാക്കളുടെയും നിരവധി വിളികളാണ് തനിക്ക് ലഭിച്ചത്. സംഭവത്തിന്റെ വ്യക്തത എല്ലാവർക്കും അറിയണം. സന്യാസിയുടെ മരണത്തിന്റെ വാർത്ത അറിഞ്ഞതിന് പിന്നാലെ എല്ലാവരും ഭയത്തിലാണെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
ബംഗാളിന്റെ പ്രതിച്ഛായയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണ്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയ്ക്ക് ആവശ്യപ്പെടാനുള്ളത്. സന്യാസിയുടെ കുടുംബവുമായി സംസാരിച്ചു. അവർക്ക് എല്ലാവിധ സഹായവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഭീർഭും ജില്ലയിൽ ക്ഷേത്രത്തിന് സമീപത്ത് സന്യസിയെ മരിച്ച നിലയിൽ കണ്ടത്. ക്ഷേത്രത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സന്യാസിയെ കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കിയത് ആണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുകയാണ്.
Discussion about this post