കൊച്ചി: പ്രധാനമന്ത്രിയെ ശ്രീകൃഷണനോട് ഉപമിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയ്യിലേന്തിയ ശ്രീകൃഷണനെപ്പോലെയാണെന്ന് അവർ പറഞ്ഞു. കൊച്ചിയിൽ യുവം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
‘എല്ലാ മതനേതാക്കൾക്കും പ്രധാനമന്ത്രിയുമായി കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള അവകാശമുണ്ട്. അതിനായാണ് മതമേലദ്ധ്യക്ഷന്മാർ അദ്ദേഹത്തെ കാണുന്നത്. അതിൽ വോട്ടുബാങ്ക് രാഷ്ട്രീയമില്ലെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിനുള്ള തുടക്കമാണിതെന്ന് ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുപ്പക്കാരുമായി സംവദിച്ച യുവം 2023 വേദിയിൽ പ്രമുഖരുടെ നീണ്ടനിരയാണ് ഉണ്ടായത്. നടനും മുൻ എംപിയുമായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അപർണ ബാലമുരളി നവ്യ നായർ,അനിൽ ആന്റണി, തുടങ്ങിയവർ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് ട്രാൻസ് ജെൻഡർ ഡോക്ടർ വി എസ് പ്രിയ, പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച അനുഷ എ എസ്, ഗായകൻ ഹരിശങ്കർ, യുവമോർച്ച അഖിലേന്ത്യ പ്രസിഡണ്ട് തേജസി സൂര്യ എന്നിവരും യുവം വേദിയിലെത്തിയിരുന്നു.
Discussion about this post