മലപ്പുറം: എടവണ്ണയിൽ ചെറിയ പെരുന്നാളിന് തലേദിവസം ആളൊഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച ബാസിദിന്റെ സുഹൃത്ത് ഷാൻ മുഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ ബാസിദിനെ വെടിവെച്ച് കൊലപ്പെടുത്തിയത് ആണെന്നാണ് സ്ഥിരീകരണം.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാസിദ് കൊല്ലപ്പെടുന്നതിന്റെ അന്ന് ഷാനാണ് ഒപ്പമുണ്ടായിരുന്നതെന്നും, സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം എന്നും പോലീസ് അറിയിച്ചു. ഷാനിന്റെയും ബാസിദിന്റെയും ബന്ധങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ബാസിദിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിൽ നിന്നും പുറത്തുപോയ ബാസിദ് ഏറെ വൈകിയും തിരിച്ച് വന്നില്ല. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ ധാരാളം പരിക്കുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലയാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ നെഞ്ചിൽ നിന്നടക്കം മൂന്ന് വെടിയുണ്ടകൾ ആണ് പുറത്തെടുത്തത്. ഇതിന് പുറമേ തലയ്ക്ക് പുറകിലായി മുറിവേറ്റ പാടും ഉണ്ട്. ബാസിദിനും ഷാനിനും സ്വർണക്കടത്ത് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് ഇവരുടെ ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.












