ന്യൂഡൽഹി: കൊവിഡ് കാലത്ത് ഒറ്റ വിമാന കമ്പനി പോലും അടച്ചുപൂട്ടാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രതിപക്ഷം ഇപ്പോഴും റിയർവ്യൂ കണ്ണാടിയിലൂടെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അകാരണമായി അവർ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സിന്ധ്യ പറഞ്ഞു.
ലോകത്തിന്റെ ആകെ സമ്പദ് വ്യവസ്ഥയുടെ 25 ശതമാനവും സംഭാവന ചെയ്യുന്ന രാജ്യമാകാനൊരുങ്ങുകയാണ് ഇന്ത്യ. ഛത്രപതി ശിവജിയെ മറന്ന് അക്ബറെ പ്രതിഷ്ഠിച്ച പിന്തിരിപ്പന്മാരല്ല, നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. രാജ്യത്തെ വ്യോമയാന മേഖലയെ ഉയരങ്ങളിലെത്തിക്കാൻ തനിക്ക് മാർഗദർശനമാകുന്നത് പ്രധാനമന്ത്രിയുടെ നയങ്ങളാണെന്നും സിന്ധ്യ പറഞ്ഞു.
നൂറ് ശതമാനം ഫലപ്രാപ്തിയിൽ അധിഷ്ഠിതമായ പദ്ധതികളാണ് പ്രധാനമന്ത്രി ആവിഷ്കരിക്കുന്നത്. ഇന്ത്യയിൽ വരാൻ പോകുന്നത് ട്രെയിൻ യാത്ര പോലെ ചിലവ് കുറഞ്ഞ വിമാന യാത്രകളുടെ കാലമാണ്. 1.17 കോടി ജനങ്ങൾക്ക് സ്വപ്നസമാനമായ ആകാശ യാത്ര ഒരുക്കാൻ ഉഡാൻ യോജനയിലൂടെ സാധിച്ചുവെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
ഡിജിറ്റൽവത്കരണത്തിൽ ലോകത്തിന് മാതൃകയാകുകയാണ് ഇന്ത്യ. അമേരിക്കയിലും യൂറോപ്പിലുമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇന്ത്യയെ മാതൃകയാക്കുന്നു. എല്ലാ മേഖലകളെ കുറിച്ചും സുവ്യക്തമായ കാഴ്ചപ്പാടുള്ള ഒരു പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.








