കാസർകോട്: വന്ദേഭാരതിന്റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ട്രെയിൻ പുറപ്പെടും. ഉദ്ഘാടനദിനത്തിലെ യാത്രയ്ക്ക് ശേഷം വന്ദേഭാരത് കാസർകോട് യാത്ര അവസാനിപ്പിച്ചിരുന്നു. നാളെ മുതൽ തിരുവനന്തപുരത്ത് നിന്നും സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് ട്രെയിൻ പുറപ്പെടും. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിൻ പുറപ്പെടുന്നത്. മെയ് 2 വരെ ചെയർ കാറിൽ കാസർകോട് -തിരുവനന്തപുരം റൂട്ടിൽ ടിക്കറ്റ് ലഭ്യമല്ല. എക്‌സിക്യൂട്ടീവ് ക്ലാസിൽ മെയ് 8 വരെ വെയ്റ്റ് ലിസ്റ്റാണ്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ മെയ് 1 വരെ ചെയർകാറിൽ സീറ്റ് ഒഴിവില്ല. എക്‌സിക്യൂട്ടീവ് ക്ലാസിൽ മെയ് 8 വരെയും ടിക്കറ്റില്ല.
ജലമെട്രോയും ആദ്യ സർവീസ് ഇന്ന് ആരംഭിക്കും. ഓരോ 15 മിനിട്ട് കൂടുമ്പോഴും ഒരു സർവീസ് എന്ന രീതിയിലാണ് ക്രമീകരണം. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ആണിത്. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സമ്പൂർണമായി ശീതികരിച്ച സംവിധാനമാണ് വാട്ടർ മെട്രോയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വൈറ്റില – കാക്കനാട് റൂട്ടിൽ സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ സർവീസുണ്ടാകും.
മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെർമിനലുകളിലായി 76 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി ജലമെട്രോ.
Discussion about this post