ക്വീൻസ്‌ലാൻഡ്: യാത്രക്കാർ തമ്മിലുണ്ടായ രൂക്ഷമായ കലഹത്തെ തുടർന്ന് രണ്ട് തവണ അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ക്വീൻസ്ലാൻഡിൽ നിന്ന് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്കുള്ള വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്ര തുടങ്ങിയ വിമാനത്താവളത്തിൽ തന്നെയാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് ഇവരുടെ പെരുമാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്നാണ് പൈലറ്റിന്റെ നീക്കം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിന്റെ ഇടനാഴിയിൽ കിടന്ന് യാത്രക്കാരിൽ ചിലർ അടികൂടുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒരാൾ മറ്റൊരാളെ കുപ്പി വച്ച് അടിക്കുന്നതും ഇതിൽ വ്യക്തമാണ്. ഇവർ പരസ്പരം അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ക്രൂ അംഗങ്ങൾ ഇടപെട്ടിട്ടും വഴക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിമാനം ക്വീൻസ്ലൻഡിലേക്ക് തന്നെ തിരിച്ചത്. ഇവിടെ വച്ച് ഒരു സ്ത്രീക്കെതിരെയാണ് ആദ്യം പോലീസ് കേസെടുത്തത്. ഇവരെ യാത്രയിൽ നിന്ന് ഒഴിവാക്കിയാണ് വിമാനം വീണ്ടും യാത്ര തുടർന്നത്.
എന്നാൽ യാത്ര തുടർന്നതോടെ സംഘത്തിലെ ബാക്കി ആളുകൾ വീണ്ടും പ്രശ്‌നമുണ്ടാക്കി രംഗത്തെത്തി. വിമാനത്തിന്റെ ഒരു ചില്ലും അക്രമികൾ തകർത്തു. ഇതോടെ വിമാനം വീണ്ടും അടിയന്തരമായി നിലത്തിറക്കി. ജനൽച്ചില്ലുകൾ തകരുന്നതും, വിമാനത്തിലെ ജീവനക്കാർ അക്രമികളെ ശാന്തരാക്കാൻ ശ്രമിക്കുന്നതുമെല്ലാം ഇതിൽ വ്യക്തമാണ്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആകെ നാല് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവർ മദ്യപിച്ചാണ് വിമാനത്തിനുള്ളിൽ കയറിയതെന്നാണ് വിവരം.
Discussion about this post