കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ചതിൽ അതൃപ്തിയുമായി വടകര എംപി കെ മുരളീധരൻ. പോസ്റ്റർ ഒട്ടിച്ചത് ഒന്നും ശരിയായില്ലെന്നും, ഒട്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ശ്രീകണ്ഠൻ എംപിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം തുടരുകയാണ്. ഇതിനിടെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വന്ദേഭാരത് എക്‌സ്പ്രസിൽ പാലക്കാട് എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് ഒട്ടും ശരിയായില്ല. ഇതിൽ എംപിയ്ക്ക് പങ്കില്ല. സംഭവത്തിൽ പോസ്റ്റർ ഒട്ടിച്ച പ്രവർത്തകർക്കെതിരെ ശക്തമായ പാർട്ടി നടപടിയുണ്ടാകും. തലശ്ശേരിയിൽ വന്ദേഭാരതിന് സ്‌റ്റോപ്പ് വേണമെന്ന ആവശ്യം കേന്ദ്രത്തിന് മുൻപാകെ ഉന്നയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം തന്റെ അറിവോടെയല്ല പോസ്റ്റർ ഒട്ടിച്ചത് എന്ന് ശ്രീകണ്ഠൻ എംപിയും നേരത്തെ പ്രതികരിച്ചിരുന്നു. സെൽഫി എടുക്കുന്നിന് വേണ്ടിയാണ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്. മഴവെള്ളം കൊണ്ടായിരുന്നു പോസ്റ്റർ ഒട്ടിച്ചത്. അത് അപ്പോൾ തന്നെ ആർപിഎഫ് എടുത്തു മാറ്റുകയും ചെയ്തു. എന്നാൽ അതിന്റെ പേരിൽ തനിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടാകുന്നത് എന്നും, ഇതിൽ പരാതി നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.
Discussion about this post