കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരം മാമുക്കോയയ്ക്ക് ഇന്ന് നാട് വിട നൽകും. രാവിലെ 10 മണിക്ക് കണ്ണമ്പറത്ത് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രിയോടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളായിരുന്നു കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി ഒഴുകിയെത്തിയത്. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച പൊതുദർശനം രാത്രി പത്ത് മണി വരെ നീണ്ടു.
മാമുക്കോയയെ ഒരു നോക്ക് കാണാൻ രാത്രി വൈകിയും ആളുകൾ വീട്ടിലേക്ക് എത്തുന്നുണ്ടായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറത്തെ സെവൻസ് മൈതാനിയിൽ എത്തിയ മാമുക്കോയ ഉദ്ഘാടനത്തിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഭവം. മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെ തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഹൃദയാഘാതത്തിനൊപ്പം മസ്തിഷ്‌കത്തിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ നില വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു.
Discussion about this post