കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയ്ക്ക് വിട നൽകി ജന്മനാട്. കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ മാമുക്കോയയുടെ കബറടക്ക ചടങ്ങുകൾ പൂർത്തിയായി. വീടിന് സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിന് ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം. രാവിലെ ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടായിരുന്നു.
താരസംഘടനയായ ‘അമ്മ’യ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, നടൻമാരായ ഇർഷാദ്, ജോജു ജോർജ്, തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറത്തെ സെവൻസ് മൈതാനിയിൽ എത്തിയ മാമുക്കോയ ഉദ്ഘാടനത്തിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെ തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഹൃദയാഘാതത്തിനൊപ്പം മസ്തിഷ്‌കത്തിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
Discussion about this post