പാലക്കാട്: അട്ടപ്പാടിയിൽ ആശുപത്രി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അട്ടപ്പാടി സ്വദേശി അശ്വിൻ ആണ് അറസ്റ്റിലായത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരെയായിരുന്നു അശ്വിൻ കയ്യേറ്റം ചെയ്തത്.
ഇന്ന് രാവിലെയോടെയായിരുന്നു അശ്വിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ അശ്വിൻ കോട്ടത്തറ ആശുപത്രിയിലെ സംഭവത്തിന് പിന്നാലെ മണ്ണാർക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുമാണ് അശ്വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ വൈകിട്ടാണ് ബൈക്ക് അപകടത്തിലേറ്റ പരിക്കുമായി അശ്വിൻ കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മുറിവ് വൃത്തിയാക്കുന്നതിനിടെ വേദനയുണ്ടായതോടെ ഇയാൾ നഴ്‌സിനോട് മോശമായി പെരുമാറുകയായിരുന്നു. ഇതിന് പിന്നാലെ വനിതാ നഴ്‌സുമാരുടെ ഫോട്ടോ എടുക്കാനും ഇയാൾ ശ്രമിച്ചു. ഇത് മറ്റുള്ള ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു.
ഒരു നഴ്‌സിനും രണ്ട് ഇസിജി ടെക്‌നീഷ്യന്മാർക്കുമാണ് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ അശ്വിനും സംഘവും നേരെ മണ്ണാർക്കാട്ടേയ്ക്ക് പോയി. അശ്വിൻ ജീവനക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.
Discussion about this post