ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സിംഹക്കുട്ടിയുടെ രൂപത്തിൽ പശുക്കുട്ടി പിറന്നു. ബെഗുംഗഞ്ച് താലൂക്കിലെ ഗോർഖ ഗ്രാമത്തിലാണ് ഈ അപൂർവ്വ സംഭവം. അതേസമയം ജനിച്ച് അര മണിക്കൂറാകുമ്പോഴേക്കും പശുക്കുട്ടി ചത്തു.
ഗ്രാമവാസിയായ കർഷകന്റെ വീട്ടിലായിരുന്നു സംഭവം. ഗർഭിണിയായിരുന്ന പശുവിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് കർഷകൻ തൊഴുത്തിൽ എത്തിയത്. പശു പ്രവസിച്ചതായി മനസ്സിലായതോടെ പശുക്കുട്ടിയെ നോക്കി. എന്നാൽ രൂപം കണ്ട് കർഷകൻ ഭയക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിച്ചു.
കാലിൽ നഖങ്ങളും, കൂർത്ത പല്ലുകളുമായി സിംഹ കുട്ടിയ്ക്ക് സമാനമായ രൂപമായിരുന്നു പശുക്കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. മുഖവും, വാലും സിംഹക്കുട്ടികളുടേതിന് സമാനമായിരുന്നു. സംഭവം അറിഞ്ഞ് അയൽ ഗ്രാമങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേയ്ക്ക് എത്തിയത്. ജനിച്ചപ്പോൾ പശുക്കുട്ടിയ്ക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അര മണിക്കൂറിന് ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു.
വിവരം അറിഞ്ഞ് മൃഗഡോക്ടറും സംഘവും സ്ഥലത്ത് എത്തി. പശുവിന്റെ ഗർഭപാത്രത്തിനുണ്ടായ തകരാറിനെ തുടർന്നാകാം ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. പശുക്കുട്ടിയുടെ സാമ്പിൾ ശേഖരിച്ച ശേഷം സംസ്‌കരിച്ചു. അതേസമയം അപൂർവ്വ ജനനം വലിയ അമ്പരപ്പാണ് ആളുകളിൽ ഉണ്ടാക്കിയിട്ടുള്ളത്.
Discussion about this post