ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. മെയ് 12 വരെയാണ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഏപ്രിൽ 25ന് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് സിസോദിയക്ക് നൽകണമെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
നേരത്തേ, മാർച്ച് 31ന് കേസ് പരിഗണിച്ചപ്പോഴും കോടതി സിസോദിയയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കേസിൽ സിസോദിയ അഴിമതി നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി അംഗീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ സിസോദിയക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ അന്വേഷണ പുരോഗതിയെ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2021-22ലെ വിവാദമായ ഡൽഹി മദ്യനയം തയ്യാറാക്കിയതിലെ അഴിമതിയുടെ മുഖ്യ സൂത്രധാരൻ സിസോദിയ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഡൽഹി പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അഴിമതിയിലൂടെ സിസോദിയ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. ഇതിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും പുരോഗമിക്കുകയാണ്.
Discussion about this post