തൃശൂർ; മുൻമന്ത്രി കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മുഖപത്രം. ‘ കേരളസഭ’യിലാണ് അതിരൂക്ഷമായ ഭാഷയിൽ കെടി ജലീലിനെ വിമർശിച്ചത്. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകൾ ഉള്ള വ്യക്തിയാണെന്നുമാണ് ലേഖനത്തിലെ വിമർശനം. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും രൂപത മുഖപത്രത്തിൽ ആവശ്യപ്പെട്ടു.
‘നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിൻറെ വധഭീഷണി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ച് ശിക്ഷാർഹവും 506 വകുപ്പ് പ്രകാരം പിഴയും ഏഴ് വർഷം വരെ തടവും കിട്ടാവുന്ന കുറ്റമാണെന്നും കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നുമാണ് രൂപതയുടെ ആവശ്യം. സ്വർണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുകയും അഴിമതിയുടെ പേരിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളാണ് ജലീലെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ തീവ്ര ഇസ്ലാമിക കൂട്ടുകെട്ടാണുളളത്. ഇവിടെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല’. എൽഡിഎഫിലും യുഡിഎഫിലും ജലീലിനെ പോലുള്ള തീവ്ര ഇസ്‌ളാമിസ്റ്റ് ചിന്താഗതിക്കാർ നുഴഞ്ഞു കയറിയെന്നും ലേഖനം വിമർശിക്കുന്നു.ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർ ദുർവ്യാഖ്യാനം ചെയ്തുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
Discussion about this post