ചിന്നക്കനാൽ: വനംവകുപ്പിന്റെ ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യം ആരംഭിച്ചു. ചിന്നക്കനാൽ 301 കോളനിയിൽ നിന്ന് കുങ്കിയാനകളെ അരിക്കൊമ്പൻ നിനിൽക്കുന്ന ഭാഗത്തേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. സിമന്റ് പാലത്തിന് സമീപമാണ് നിലവിൽ അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിന്നക്കനാൽ പഞ്ചായത്ത് പൂർണ്ണമായും ശാന്തൻപാറ പഞ്ചായത്തിന്റെ 1,2,3 വാർഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലായിടത്തും പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്. നിലവിൽ ദൗത്യത്തിന് കാലാവസ്ഥ അനുകൂലമാണെന്ന് ദൗത്യസംഘം വ്യക്തമാക്കി. ഡോ.അരുൺ സഖറിയാണ് ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. പുലർച്ചെ നാലിന് ആരംഭിച്ച ദൗത്യം രാവിലെ എട്ട് മണിയോടെ പൂർത്തിയാക്കണമെന്നാണ് ലക്ഷ്യമിടുന്നത്.
അതേസമയം അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന കാര്യം വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല. പെരിയാർ ടൈഗർ റിസർവും അഗസ്ത്യാർകൂടം വനമേഖലയും പരിഗണിക്കുന്നതായാണ് സൂചന. രണ്ടരമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള അന്തിമ നടപടികൾ സ്വീകരിക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, വനം വകുപ്പ് ജീവനക്കാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവരുൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ നേരിട്ട് പങ്കെടുക്കുന്നത്.
Discussion about this post