ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. കുട്ടിയാനകൾ അടങ്ങുന്ന സംഘത്തിനൊപ്പമാണ് അരിക്കൊമ്പൻ നിലവിൽ നിൽക്കുന്നത്. പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ സംഘത്തിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. അരിക്കൊമ്പൻ നിൽക്കുന്നത് വാഹനമെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് ആണ് എന്നതും ദൗത്യം നീളാൻ കാരണമായിട്ടുണ്ട്.
ആനയെ പ്ലാന്റേഷനിൽ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമം നടക്കുന്നത്. അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാൻ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായി കൃത്യമായി പൊസിഷൻ കാത്തിരിക്കുകയാണ് ദൗത്യസംഘം. ആനയ്ക്ക് ദോഷംവരുന്ന രീതിയിൽ ദൗത്യം നടപ്പാക്കാനാകില്ലെന്ന് കോട്ടയം സർക്കിൾ സിസിഎഫ് ആർ.എസ്.അരുൺ പറഞ്ഞു. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ ദൗത്യം മാറ്റി വയ്‌ക്കേണ്ടി വരും. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജനങ്ങളുടെ സുരക്ഷയെ കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മിഷൻ അരിക്കൊമ്പൻ ഇന്ന് തന്നെ നടത്തുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിലവിൽ കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നതെന്ന കാര്യം രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് വിശദീകരണം. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് ആനയെ മാറ്റാനാണ് കൂടുതൽ സാധ്യത.
Discussion about this post