ഗുരുഗ്രാം: ഉപഭോക്താവിന് ലഭിക്കേണ്ട ഐഫോണുകൾ മോഷ്ടിച്ച് പകരം ഡമ്മി ഫോണുകൾ വച്ച് ഇ-കൊമേഴ്സ് സ്ഥാപനത്തിലെ ഡെലിവറി എക്സിക്യുട്ടീവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഉപഭോക്താവിന് നൽകേണ്ടിയിരുന്ന 10 ഐഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. ഡെലിവറി ചെയ്യാൻ പോകുന്നതിനിടെ വഴിയിൽ വച്ച് ഐഫോണുകൾ മാറ്റുകയായിരുന്നു.
ഐഫോണുകളും എയർപോഡുകളുമാണ് ഓർഡർ ചെയ്തിരുന്നത്. ലളിത് എന്നയാൾക്കെതിരെയാണ് പരാതി. ഉപഭോക്താവിനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇയാൾ തന്റെ സഹോദരന്റെ കൈവശം ഡമ്മി ഫോണുകൾ അടങ്ങിയ കൊറിയർ സ്ഥാപനത്തിലേക്ക് തിരികെ കൊടുത്തുവിട്ടു. എന്നാൽ പാഴ്‌സൽ കൊടുത്തുവിട്ട പൊതികളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ ഡെലിവറി കമ്പനി പാഴ്‌സൽ തുറന്ന് നോക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വരുന്നത്.
അതേസമയം പാഴ്‌സൽ ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് തന്റെ ഓർഡർ റദ്ദാക്കുകയും ചെയ്തു. ലളിതിന് എതിരെ ആമസോണിന്റെ പാഴ്സൽ ഡെലിവർ ചെയ്യുന്ന സ്ഥാപനത്തിന്റെ സ്റ്റേഷൻ ഇൻചാർജ് രവി പരാതി നൽകി. വിവിധ വകുപ്പുകൾ പ്രകാരം ലളിതിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post