ഇടുക്കി: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ നിറഞ്ഞ് അരിക്കൊമ്പനും വനംവകുപ്പും. അരിക്കൊമ്പനെ മയക്കുവെടിവയ്ച്ച് പിടികൂടാൻ ദൗത്യസംഘം ഉന്നമിട്ടിരുന്നതും, ഇതിനിടെ അരിക്കൊമ്പനെ കാണാതായതുമാണ് ട്രോളുകൾക്ക് ആധാരം. അരിക്കൊമ്പനെ പിടികൂടാൻ പോയ ദൗത്യ സംഘത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടതാകട്ടെ ചക്കക്കൊമ്പൻ. ഇതോടെ അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു.
രാവിലെ മുതൽ അരിക്കൊമ്പനാണെന്ന് കരുതി ചക്കക്കൊമ്പനെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ ഇതിനിടെയാണ് ഇത് ചക്കക്കൊമ്പനാണെന്ന് മനസ്സിലായത്. തൊട്ടുപിന്നാലെ അരിക്കൊമ്പൻ ‘ മുങ്ങിയതായി’ വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ ആരംഭിച്ചത്.
അടുത്തിടെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ കിണറ്റിൽ വീണ കരടി ചത്തിരുന്നു. ഈ വാർത്ത അറിഞ്ഞതുകൊണ്ട് അരിക്കൊമ്പൻ മുങ്ങിയതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. കരടിയെ വെടിവച്ച് കൊന്നതുപോലെ ആളുമാറി തന്നെയും ഉദ്യോഗസ്ഥർ കൊല്ലുമോയെന്ന് ചക്കക്കൊമ്പൻ ആശങ്ക പ്രകടിപ്പിക്കുന്ന ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആനയെ ‘ടെസ്റ്റ്’ ചെയ്യാൻ അൽപ്പം അരി ഇട്ട് കൊടുക്കുകയും, എന്നാൽ ആന ചക്കയോട് താത്പര്യം കാണിക്കുന്നത് കണ്ട് ‘ ആന മാറിപ്പോയി’ എന്ന് വനംവകുപ്പ് തിരിച്ചറിയുന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്. തന്നെ പിടിക്കാൻ അടുത്ത വെള്ളിയാഴ്ചയാകട്ടെയെന്ന് വനംവകുപ്പിനോട് പറഞ്ഞ് അരിക്കൊമ്പൻ ഓടിപ്പോകുന്ന ട്രോളുകളും കാണാം.
Discussion about this post