കോഴിക്കോട്: പ്രദേശവാസികളുടെ വലിയ പ്രതിഷേധമുയർന്നിട്ടും കോഴിക്കോട് സ്വാതന്ത്ര്യദിന സുവർണ ജൂബിലി മെമ്മോറിയൽ ഹാളിന്റെ പേര് മാറ്റാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് നവീകരിച്ച ജൂബിലി ഹാൾ അതേ പേരിൽ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്ത് ബിജെപി. ജില്ലാ അദ്ധ്യക്ഷൻ വികെ സജീവനാണ് നാട മുറിച്ച് ജൂബിലി ഹാൾ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തത്. ചെണ്ടമേളം ഉൾപ്പെടെ ഒരുക്കിയാണ് ബിജെപി പ്രവർത്തകർ കോർപ്പറേഷന്റെ ഏകപക്ഷീയ നടപടിക്കെതിരെ പ്രതിഷേധം നടത്തിയത്.
സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മാരകമായിട്ടാണ് ജൂബിലി ഹാൾ നിലനിന്നിരുന്നത്. ഇതാണ് നവീകരിച്ച് ഒറ്റ സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലേക്ക് മാറ്റിയത്. തളി നിവാസികൾ ദിവസങ്ങളായി ഇക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും കോഴിക്കോട് കോർപ്പറേഷൻ ഇത് അവഗണിക്കുകയാണ്.
പേര് മാറ്റത്തിന് എതിർപ്പില്ലെന്ന് വരുത്തിതീർക്കാൻ കോർപ്പറേഷൻ സർവ്വകക്ഷിയോഗം വിളിച്ചെങ്കിലും അതിലേക്ക് തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെയും സാമൂതിരി രാജകുടുംബത്തെയും ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബിജെപിയും യോഗം ബഹിഷ്‌കരിച്ചു.
മുഹമ്മദ് അബ്ദുറഹിമാന്റെ സേവനങ്ങളെ ആരും തളളിപ്പറയുന്നില്ലെന്ന് വികെ സജീവൻ പറഞ്ഞു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. പക്ഷെ കെ. കേളപ്പജിയും കെ.പി കേശവമേനോനും ഉൾപ്പെടെ അറിയപ്പെടുന്നതും അറിയപ്പെടാതെ പോയതുമായ നിരവധി മഹദ് വ്യക്തികളുടെ സ്മരണയ്ക്കായുളള ഹാളിന് എന്തിനാണ് ഒരു പേര് മാത്രം നൽകിയതെന്നാണ് ബിജെപിയുടെ ചോദ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തിന് ഒരു പേര് മാത്രം കൊടുത്തുവെന്ന് ചോദിക്കുമ്പോൾ മുഹമ്മദ് അബ്ദുറഹിമാന്റെ മതം നോക്കി പ്രതികരിക്കരുതെന്നാണ് കോർപ്പറേഷൻ പറയുന്നത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തന്നെ പറഞ്ഞിട്ടുളളത് മതത്തെക്കാൾ ഞാൻ ഈ രാജ്യത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നത് എന്നാണ്. അങ്ങനെ പറഞ്ഞ ഒരു മഹാന്റെ പേരിൽ ആളുകളെ വിഭജിക്കാനും മതത്തിന്റെ പേരിൽ കലഹം ഉണ്ടാക്കാനും കോർപ്പറേഷൻ പരിശ്രമിക്കുന്നു.
കേളപ്പജിക്കും കെപി കേശവമേനോനും അർഹമായ രീതിയിൽ ഒരു സ്മൃതികുടീരം പോലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഒരേ ഒരു സ്മാരകമായിരുന്നു ഇവർക്ക് മലബാറിൽ ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ പേര് മാറ്റുന്നതെന്നും വി.കെ സജീവൻ പറഞ്ഞു.
Discussion about this post