ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തി. ആന സിങ്കുകണ്ടത്ത് സിമന്റുപാലത്തിന് സമീപം ഉള്ളതായാണ് കണ്ടെത്തിയത്.ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ഗോവിന്ദൻ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്
ദൃശ്യങ്ങൾ അരിക്കൊമ്പന്റേത് തന്നെയാണെന്ന് വനംവകുപ്പിലെ വാച്ചർമാർ പറയുനന്നത്.ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിയത്. ഈ മേഖലയിൽ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്. അതേസമയം അനുയോജ്യമായ സ്ഥലത്ത് ആന എത്തിയാലേ മയക്കുവെടിവയ്ക്കാനാവൂ.
അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി. മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാൽ ഇവിടെയുള്ള കൊമ്പൻ കൂട്ടം വിടുന്നതാണ് പതിവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യ സംഘത്തിന്റെ ഇന്നലെ നടന്ന ആദ്യ ശ്രമം വിജയിച്ചില്ല. 150 അംഗങ്ങളടങ്ങുന്ന ദൗത്യസേന പല സംഘങ്ങളായി സർവ്വ സന്നാഹങ്ങളോടെ ആനയെ കുടുക്കാൻ പുലർച്ച തന്നെ രംഗത്തിറങ്ങിയെങ്കിലും ഒമ്പത് മണിക്കൂർ തിരഞ്ഞിട്ടും ആനയെ കണ്ടെത്താനായില്ല. തുടർന്ന് ഉച്ചക്ക് ഒരുമണിയോടെ ദൗത്യം താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു.
Discussion about this post