ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിയേറ്റതിന് പിന്നാലെ ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ നേർന്നത്. അതേസമയം അരിക്കൊമ്പനെ മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, നാട്ടുകാർ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു- ശശീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാം ദിവസത്തെ പരിശ്രമത്തിലാണ് ആനയെ മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘത്തിന് കഴിഞ്ഞത്. ഇന്നലെ ആനയെ കാണാത്തതായിരുന്നു ദൗത്യം മുടങ്ങാനുണ്ടായ കാരണം. രണ്ടാം ദിനം ഊർജ്ജിത നീക്കങ്ങൾക്കൊടുവിലായിരുന്നു ആനയെ മയക്കുവെടി വച്ചത്. വെടിയേറ്റ് ആന മയങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും മാറ്റുന്നതിനായി ഉദ്യോഗസ്ഥരും അരിക്കൊമ്പന് അരികിലുണ്ട്.
Discussion about this post