മലപ്പുറം: കളിക്കുന്നതിനിടെ ദേഹത്ത് കല്ല് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മതിലോരത്തെ കല്ലുകളെല്ലാം കുതർന്ന് നിൽക്കുകയായിരുന്നു. ഇതറിയാതെയായിരുന്നു കുട്ടി അതിന് താഴെ കളിച്ചത്. ഇതിനിടെ കല്ല് ഇളകി ദേഹത്ത് വീഴുകയായിരുന്നു. മറ്റ് കുട്ടികളും ഹംദാനൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് പരിക്കുകളൊന്നുമില്ല.
കരച്ചിൽ കേട്ട് വീട്ടുകാർ ഓടിവന്നപ്പോഴാണ് രക്തത്തിൽ കുതിർന്ന് കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടനെ വളാഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ് ,മുഹമ്മദ് ഹനാൻ സഹോദരനാണ്. കാടാമ്പുഴ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകും.
Discussion about this post