കോഴിക്കോട്: അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്നും, ആനയെ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ” ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. ഇത് നിരീക്ഷിക്കണമെന്ന് മൂന്നാർ ഡിഎഫ്ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അരിക്കൊമ്പൻ ഇപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിലാണ് ഉള്ളത്. ജനവാസ കേന്ദ്രത്തിൽ നിന്നും 25 കിലോമീറ്റർ അകലെയായിട്ടാണ് അരിക്കൊമ്പനുള്ളത്.
അരിക്കൊമ്പനെ സ്വീകരിക്കാൻ പെരിയാർ കടുവാ സങ്കേതത്തിന് മുന്നിൽ പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ട്. ഇതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസ്സിലാകുന്നതെന്നും” മന്ത്രി പറഞ്ഞു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്ന് വിടുന്നത്. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുന്നത് വരെ നിരീക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേടാണ് മേദകാനത്തിന് സമീപമുള്ള സീനിയറോട. വെള്ളവും തീറ്റയും എപ്പോഴും ലഭിക്കും എന്നതാണ് സീനിയറോട തിരഞ്ഞെടുക്കാൻ കാരണം. കടുത്ത വേനലിലും ഇവിടെ സുലഭമായി വെള്ളവും കിട്ടും. മന്നാൻ ആദിവാസി വിഭാഗമാണ് അരിക്കൊമ്പനെ ഇവിടെ എത്തുന്നതിന് മുൻപായി പൂജ ചെയ്ത് സ്വീകരിച്ചത്. പുതിയ അതിഥിയെ സ്വീകരിക്കുമ്പോൾ തങ്ങൾ നടത്തുന്ന ആചാരമാണിതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
Discussion about this post