ന്യൂഡൽഹി: ആഗോള എണ്ണ വിപണിയിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. സൗദിയെ മറികടന്ന് യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി ഇന്ത്യ മാറി . ഈ മാസം ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയാണ് യൂറോപ്പിലേക്ക് ആവശ്യമായ ശുദ്ധീകരിച്ച ഇന്ധനം ഏറ്റവും കൂടുതൽ വിതരണം ചെയ്തിരിക്കുന്നതെന്ന് കെപ്ലർ റിപ്പോർട്ട് വ്യക്തമാക്കി.
റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ വൻ തോതിൽ വാങ്ങി ശുദ്ധീകരിച്ചാണ് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നത്. ക്രൂഡ് ഓയിൽ ഉത്പന്നങ്ങൾക്ക് യൂറോപ്പ് ഇപ്പോൾ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നും നേരിട്ട് എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അവസരം മുതലാക്കി ഇന്ത്യ എണ്ണ വ്യാപാര മേഖലയിലേക്ക് ചുവടുറപ്പിച്ചത്.
സൗദിയിൽ നിന്നും പ്രതിദിനം 360,000 ബാരൽ എണ്ണയാണ് യൂറോപ്പ് വാങ്ങുന്നത്. ഈ കണക്ക് ഇന്ത്യ മറികടന്നതായാണ് റിപ്പോർട്ട്. അതേസമയം റഷ്യയിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇന്ത്യ മുഖേന എണ്ണ വാങ്ങുന്നത് യൂറോപ്പിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്.
റഷ്യയിൽ നിന്നും പ്രതിദിനം 2 മില്ല്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് ഇന്ത്യ വാങ്ങുന്നത്. അതായത് റഷ്യയുടെ ആകെ എണ്ണ കയറ്റുമതിയുടെ 44 ശതമാനവും ഇന്ത്യയിലേക്കാണ്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ വിപണി നഷ്ടമായ റഷ്യ, കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകുന്നത്. നിർണായക സന്ദർഭത്തിൽ കളം അറിഞ്ഞ് വിലപേശിയാണ് ഇന്ത്യ ഈ മേൽക്കോയ്മ നേടിയെടുത്തിരിക്കുന്നത്. യൂറോപ്യൻ വിപണി അടഞ്ഞതിനാൽ, ഇന്ത്യക്ക് എണ്ണ വിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ റഷ്യക്ക് മുന്നിൽ ഇല്ലാത്ത സാഹചര്യമായിരുന്നു എന്നാണ് കെപ്ലർ വിലയിരുത്തുന്നത്.
Discussion about this post