കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങൾ തിരിച്ച് കിട്ടാൻ ഹാക്കറുടെ സഹായം തേടിയ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് മുട്ടൻ പണി. സ്വന്തം നഗ്നചിത്രങ്ങളും കൂട്ടുകാരിയുടെ മാല പണയം വച്ച കാൽലക്ഷം രൂപയുമാണ് ഇതിന് വിലയായി നൽകേണ്ടി വന്നത്. സംഭവത്തിൽ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെയാണ് (22) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോൾ ചിത്രങ്ങൾ അയച്ച് നൽകിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാർത്ഥിനിയുമായി ബന്ധപ്പെടുകയും കാമുകന്റെ ഫോണിൽ നഗ്നചിത്രങ്ങൾ ഉളളത് ഹാക്ക് ചെയ്ത് തരാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് വിദ്യാർത്ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കിട്ടിയെന്നും താരതമ്യം ചെയ്ത് നോക്കാൻ പുതിയ നഗ്നചിത്രങ്ങൾ വേണമെന്നും അറിയിച്ചു. എന്നാൽ വിദ്യാർത്ഥിനി ഇതിന് തയ്യാറായില്ല.
ഈ വിവരങ്ങളെല്ലാം വിദ്യാർത്ഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങൾ അറിഞ്ഞതോടെ ചിത്രങ്ങൾ തിരിച്ചെടുത്ത് തരാമെന്ന് ഹാക്കർ ഉറപ്പ് നൽകി. പുതിയ ആളും താരതമ്യം ചെയ്യാൻ വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു, ഇതോടെ വിദ്യാർത്ഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് ഹാക്കർക്ക് നൽകി.
ചിത്രങ്ങൾ ലഭിച്ചതോടെ ഇവ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കാൽലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിക്ക് പണം കണ്ടെത്താൻ കൂട്ടുകാരി സ്വന്തം മാല ഊരി നൽകി. ഇത് പണയം വച്ച് 20,000 രൂപ നൽകിയെങ്കിലും ഭീഷണി തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് അന്വേഷണത്തിനൊടുവിൽ ഹാക്കറെ പിടികൂടുകയുമായിരുന്നു.
Discussion about this post