ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിനുള്ളിൽ തടവുകാർ ചേരി തിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ ഗുണ്ടാസംഘം കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ എന്ന സുനിൽമാനാണ് ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യോഗേഷ് തുണ്ട എന്നയാളും ഇയാളുടെ സഹായികളും ചേർന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചാണ് തില്ലുവിനെ കൊലപ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മറ്റൊരു തടവുകാരനായ രോഹിത് എന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. യോഗേഷ് തുണ്ട, ദീപക് തീതർ, റിയാജ് ഖാൻ, രാജേഷ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജയിലിന്റെ ഒന്നാം നിലയിലുള്ള വാർഡിന്റെ ഇരുമ്പ് ഗ്രില്ലുകൾ തകർത്താണ് താഴത്തെ നിലയിലെ വാർഡിലേക്ക് അക്രമികൾ എത്തിയത്. അതിന് ശേഷം ഇരുമ്പുവടി ഉപയോഗിച്ച് തില്ലുവിനെ അടിച്ച് കൊല്ലുകയായിരുന്നു.
2021ൽ രോഹിണി കോടതിയിൽ നടന്ന വെടിവയ്പിലെ പ്രധാന സൂത്രധാരനായിരുന്നു തില്ലു. അന്ന് നടന്ന വെടിവയ്പ്പിൽ ഗുണ്ടാനേതാവ് ജിതേന്ദർ ഗോഗി കൊല്ലപ്പെട്ടിരുന്നു. വക്കീലായി വേഷം ധരിച്ചെത്തിയാണ് തില്ലു അന്ന് ആക്രമണം നടത്തിയത്. ജിതേന്ദർ ഗോഗിയുടെ സംഘവും തില്ലുവിന്റെ സംഘവും തമ്മിലുള്ള വർഷങ്ങളായുള്ള പ്രശ്‌നത്തിന്റെ തുടർച്ചയാണ് അക്രമസംഭവമെന്നാണ് വിവരം. ഒരു മാസത്തിനിടെ തിഹാർ ജയിലിൽ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്. കഴിഞ്ഞ മാസം ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സഹായി പ്രിൻസ് തെവാതിയയെ തിഹാർ ജയിലിൽ വച്ച് എതിരാളി സംഘാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു.
Discussion about this post