കൊച്ചി: ഐഎസിൽ ചേർന്ന പെൺകുട്ടികളുടെ എണ്ണം കൃത്യമായിട്ടാണ് സിനിമയിൽ കാണിക്കുന്നതെന്ന് ദ കേരള സ്റ്റോറി സംവിധായകൻ സുദീപ്‌തോ സെൻ. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകളുടെ പിന്തുണയോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിക്കാൻ വിവരാവകാശ അപേക്ഷ നൽകിയെങ്കിലും സർക്കാർ ഇതിന് മറുപടി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിൽ ഒരിടത്ത് പോലും കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കിയിട്ടില്ല. തീവ്രവാദികളെക്കുറിച്ച് സംസാരിക്കുമ്പോൾ ചില ആളുകൾ വന്ന് നിർബന്ധപൂർവ്വം അതിനെ ഒരു മതവുമായി ബന്ധിപ്പിക്കുകയാണ്. കെട്ടിച്ചമച്ച കൃത്രിമ സ്‌നേഹത്തിൽ വീണുപോയ മൂന്ന് സുഹൃത്തുക്കളായ പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്.
കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ല തന്റെ സിനിമ. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും ചിത്രത്തിൽ ഇല്ല. ഭീകരതയ്‌ക്കെതിരെ മാത്രമാണ് സിനിമ സംസാരിക്കുന്നത്. സിനിമയിൽ ഉടനീളം കേരളത്തെ നല്ല രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതിൽ ഇസ്ലാമോഫോബിയയോ രാഷ്ട്രീയ യുദ്ധമോ ഇല്ലെന്നും മനുഷ്യരുടെ കഥ മാത്രമാണ് പറയുന്നതെന്നും സുദീപ്‌തോ സെൻ പറഞ്ഞു.
2014 ലാണ് സിനിമയ്ക്ക് വേണ്ടി താൻ പഠനം തുടങ്ങിയത്. ഏഴ് വർഷമായി റിസർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. പിന്നെ അത് ചെയ്യാൻ എന്തിനാണ് തനിക്ക് രാഷ്ട്രീയ പിന്തുണയെന്ന് സുദീപ്‌തോ സെൻ ചോദിച്ചു. അങ്ങനെ ചെയ്യണമെങ്കിൽ അത് നേരത്തെ ചെയ്യാമായിരുന്നു. ഇത്രയും കാലം കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സീനുകളും തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഷൂട്ട് ചെയ്തിട്ടുളളത്. സെൻസർ ബോർഡ് രണ്ട് മാസത്തോളം സിനിമ പരിശോധിച്ച ശേഷമാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത്. എല്ലാ രേഖകളും തെളിവുകളും പരിശോധിച്ച ശേഷം മാത്രമാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുകയുളളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post