കൊച്ചി : നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ സിനിമാ സംഘടനകൾക്കെതിരെ നടനും ചലച്ചിത്ര പ്രവർത്തകനുമായ വിജയകുമാർ പ്രഭാകരൻ. ഇത്രയും കഴിവുള്ള ശ്രീനാഥ് ഭാസിയെ എങ്ങനെയാണ് വെറുതെ ഇരുത്തുക എന്ന് വിജയകുമാർ ചോദിച്ചു. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. ആര് പറഞ്ഞാലും ഭാസിയെവെച്ച് സിനിമ ഷൂട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലാകാരന്മാരെ 45, 50 വയസ് വരെ വിലക്കി പണി കളഞ്ഞിട്ട് എന്താണ് കാര്യം. അവർക്ക് ജോലി കൊടുക്കുക. 50 വയസ്സ് കഴിഞ്ഞിട്ട് അവരെക്കൊണ്ട് ഒരു കാര്യവുമില്ല. അവരെ ഉപയോഗപ്പെടുത്താനാണ് നോക്കേണ്ടത്. ആംബർ ഹേർഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റിയൂഡ് കണ്ടിട്ടില്ലേ, എന്ന് കരുതി അവരെ മാറ്റിനിർത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
താരങ്ങൾ ഒരു തുക ആവശ്യപ്പെടുകയും ആ തുക മറ്റൊരിടത്ത് നിന്ന് കിട്ടുകയുമാണെങ്കിൽ അവരത് വാങ്ങിക്കുന്നതിൽ എന്താണ് തെറ്റ് ? ഇവരാരും പ്രേംനസീർ അല്ല. എല്ലാം ബിസിനസിന്റെ കണ്ണിൽ കൂടി കാണുന്ന ലോകത്ത് ജീവിച്ചിരുന്നിട്ട് അവർക്ക് നഷ്ടം വന്നത് കൊണ്ട് ഇവർ പൈസ തിരിച്ച് കൊടുക്കണമെന്നാണോ പറയുന്നത്. ”ഈ യുവതാരങ്ങൾ എത്ര രൂപ വച്ചാണ് മേടിക്കുന്നത്. കൂടി വന്നാൽ 50 ലക്ഷം രൂപ മേടിക്കുന്നുണ്ടാകും. 3 കോടി രൂപ കച്ചവടം നടക്കുന്നില്ലേ?” അദ്ദേഹം ചോദിച്ചു.
ശ്രീനാഥ് ഭാസിക്കെതിരെ പെട്ടന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ എന്താണ് കാരണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് നടൻ പറഞ്ഞു. ഭാസിയുടെ വിഷയം നേരത്തെ ചർച്ച ചെയ്തതാണ്. ഈ നാലഞ്ച് ദിവസം കൊണ്ട് എന്ത് പ്രശ്‌നമാണ് അയാൾ ഉണ്ടാക്കിയത്. എന്തിനാണ് ഭാസിയെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണ്. ഭാസിയെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും വിജയകുമാർ വ്യക്തമാക്കി. കൂതറയാണെങ്കിൽ കൂതറയെന്നുവിളിക്കാം. പക്ഷേ സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ട് അങ്ങനെ വിളിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post