തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും , നഗരസഭ കൗൺസിലറുമായ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയെന്ന് ബിജെപി. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വർഷം രണ്ട് അസി.കമ്മീഷണർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തിൽ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ പറഞ്ഞു.
ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവ് പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല. സിപിഎമ്മിന്റെ ആഞ്ജാനുവർത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ പോലും പരിശോധനയ്ക്ക് വിധേയമാക്കാതെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. തിരുവനന്തപുരം നഗരസഭയിലെ സി.പി.എമ്മിന്റെ അഴിമതികൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിച്ചയാളാണ് ഗിരികുമർ. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ പുറത്തു കൊണ്ടുവരുന്നത് ഗിരി കുമാറാണ്. ഈ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിൽ.
സന്ദീപാനന്ദഗിരിയും സിപിഎം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത് പുറത്തുവരും. ബിജെപി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി ബിജെപിയെ ദുർബലപ്പെടുത്താമെന്നത് ഇടതു സർക്കാരിന്റെ വ്യാമോഹമാണ് . ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയെ കള്ള കേസിൽ കുടുക്കിയ പിണറായിയുടെ പോലീസിന് എതിരെ ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
Discussion about this post