ആലപ്പുഴ : ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവുകൾ പുറത്തറിയിച്ചതിന് സിപിഎമ്മിനുള്ളിൽ അച്ചടക്കനടപടി. ചേർത്തല സിഎംസി 24 ഈസ്റ്റ് ബ്രാഞ്ച് അംഗം ബെൻസി ലാലിനെ പുറത്താക്കി. ബെൻസി ആരോഗ്യവകുപ്പിനും സിപിഎമ്മിനും അവമതിപ്പുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. മുൻ എൽസി സെക്രട്ടറിയും സിഐടിയു നേതാവും നൽകിയ പരാതിയിലാണ് നടപടി.
അടുത്തിടെയായി ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നത്. പൂച്ച മാന്തിയതിനെ തുടർന്ന് റാബീസ് വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്ന സംഭവം ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ചേർത്തല താലൂക്ക് ആശുപത്രി അധികൃതർക്കെതിരെയാണ് കുടുംബം ആരോപണമുന്നയിച്ചത്. രണ്ടാമത്തെ വാക്‌സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടുവെന്നും മൂന്നാമത്തെ വാക്‌സിൻ എടുത്തതോടെ ശരീരം പൂർണമായി തളർന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ചികിത്സയ്ക്ക് ശേഷം മടക്കി അയച്ച ഗർഭിണിയായ യുവതി രണ്ടര മണിക്കൂറിനുള്ളിൽ വീട്ടില് പ്രസവിച്ച സംഭവവും ചേർത്തല താലൂക്ക് ആശുപത്രി അധികൃതർക്ക് ആകെ നാണക്കേട് ഉണ്ടാക്കി.
നടുവേദനയെത്തുടർന്നു താലൂക്ക് ആശുപത്രിയിലെത്തിയ ആറു മാസം ഗർഭിണിയായ യുവതിയാണ് വീട്ടിലെത്തിയതിന് പിന്നാലെ പ്രസവിച്ചത്. അടിയന്തര ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഭർത്താവ് ആരോഗ്യമന്ത്രിക്കും പോലീസിലും പരാതി നൽകി.
ഇതിനിടെയാണ് താലൂക്ക് ആശുപത്രിയുടെ ചികിത്സാ പിഴവ് പുറത്തുകാണിച്ചുകൊണ്ട് പാർട്ടി അംഗം രംഗത്തെത്തിയത്.
Discussion about this post