ലക്‌നൗ: ഉത്തർപ്രദേശിൽ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. 37 ജില്ലകളിലെ കോർപ്പറേഷനുകളിലേക്കും നഗരസഭകളിലേക്കുമുൾപ്പെടെ 7593 പേരെയാണ് ആദ്യഘട്ട വോട്ടെടുപ്പിൽ തിരഞ്ഞെടുക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ നിർണായകമായാണ് രാഷ്ട്രീയ പാർട്ടികൾ ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 44,232 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. 10 കോർപ്പറേറ്റർമാർ ഉൾപ്പെടെ 85 പ്രതിനിധികൾ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
സഹാറൻപൂർ, ആഗ്ര, മൊറാദാബാദ്, ഫിറോസാബാദ്, മഥുര, ഝാൻസി, പ്രയാഗ്രാജ്, ലഖ്നൗ, ഗോരഖ്പൂർ, വാരാണസി എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിലും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്ക് എന്നിവർ പ്രയാഗ്രാജിലും ലക്നൗവിലും വോട്ട് ചെയ്യും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് 11നാണ് നടക്കുന്നത്. 13നാണ് വോട്ടെണ്ണൽ.
Discussion about this post