ശ്രീനഗർ: ജമാഅത്ത് ഇ ഇസ്ലാമി ഭീകരവാദത്തിന് പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിൽ വ്യാപക പരിശോധന. 16 കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഇതിൽ നിർണായക രേഖകൾ കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി.
ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. ബരാമുള്ള ജില്ലയിലെ 11 കേന്ദ്രങ്ങളിലും, കിഷ്ത്വാർ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. രേഖകൾക്ക് പുറമേ കണക്കിൽപെടാത്ത പണവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
2019ലാണ് ഭീകരവാദ പ്രവർത്തനങ്ങൾ പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് ജമാഅത്ത് ഇ ഇസ്ലാമിയ്‌ക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം കേസിൽ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരിശോധന.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്ന പേരിലാണ് സംഘടന സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയത്. സക്കാത്ത്, മോവ്ദ, ബെയ്ത്ത് ഉൾ മാൽ തുടങ്ങിയ രീതികളിൽ ആയിരുന്നു പണം ശേഖരിച്ചത്. എന്നാൽ ഇവ ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കർ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകൾക്ക് ഭീകരാക്രമണം നടത്താനായി നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
Discussion about this post