എറണാകുളം: അവതാരകൻ സ്ഥാനപ്പേര് മാറ്റിവിളിച്ചതിനെ തുടർന്ന് വേദിയിലേക്ക് കടന്നുവരാൻ വിസമ്മതിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു സംഭവം. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നതിന് പകരം ഫെഫ്കയുടെ ജനറൽ സെക്രട്ടറിയെന്നായിരുന്നു അവതാരകൻ രഞ്ജിത്തിനെ അഭിസംബോധന ചെയ്തത്.
ഇത് കേട്ടതോടെ വേദിയുലണ്ടായിരുന്നവർ ഞെട്ടുകയും ചിരിക്കുകയും ചെയ്തു. ഇതോടെ വേദിയിലേക്ക് വരുന്നില്ലെന്ന് രഞ്ജിത്ത് ആംഗ്യം കാണിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രതിരോധത്തിലായ അവതാരകൻ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. വീണ്ടും അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. എന്നാൽ ചലച്ചിത്ര അക്കാദമി ജനറൽ സെക്രട്ടറി എന്നായിരുന്നു രണ്ടാമത്തെ അഭിസംബോധന. ഇതോടെ അദ്ദേഹം കൂടുതൽ അതൃപ്തനായി.
പെട്ടെന്നുണ്ടായ അങ്കലാപ്പിൽ മാറിപ്പോയത് ആണെന്നും മാപ്പ് പറയുന്നുവെന്നും അവതാരകൻ പറഞ്ഞു. എന്നാൽ വേദിയിലേക്ക് വരാൻ രഞ്ജിത്ത് കൂട്ടാക്കിയില്ല. പിന്നാലെ അടുത്ത് പോയി മാപ്പ് പറഞ്ഞതോടെയാണ് രഞ്ജിത്ത് വേദിയിലേക്ക് വരാൻ കൂട്ടാക്കിയത്.
വേദിയിൽ കയറിയ രഞ്ജിത്ത് അവതാരകനെ വിമർശിച്ചു. വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണെന്ന് രഞ്ജിത്ത് എല്ലാവരും കേൾക്കേ പറഞ്ഞു. എല്ലാം അറിയാമെന്ന ധാരണയിൽ ഇട്ടാവട്ട സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതല്ല ലോകം. അതിനപ്പുറം ആളുകളെ തിരിച്ചറിയാൻ കഴിയണം. ആദ്യമായാണ് ചലച്ചിത്ര അക്കാദമി ജനറൽ സെക്രട്ടറി എന്ന് തന്നെ അഭിസംബോധന ചെയ്യുന്നതായി കേൾക്കുന്നത്. അവതാരകനെ കൊല്ലാതെ വിടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post