എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയവർക്ക് ശക്തമായ തിരിച്ചടി. ഹർജികൾ ഹൈക്കോടതി തള്ളി. നിലവിൽ സിനിമയ്ക്ക് വിലക്കേർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
നിലവിൽ സിനിമയ്ക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തേണ്ട സാഹചര്യമില്ല. ഇത് തീർത്തും സാങ്കൽപ്പികമായ കഥയാണ്. ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് സിനിമ. അതിനാൽ ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കും.
ഹർജിയിൽ വാദം കേൾക്കുന്നതിനിടെ നിർണായക പരാമർശങ്ങളായിരുന്നു ഹൈക്കോടതി നടത്തിയത്. നിർമ്മാല്യം എന്ന സിനിമയെ ഇരു കയ്യും നീട്ടി സ്വീകരിച്ച മതേതര കേരളം ദി കേരള സ്‌റ്റോറിയെയും അതേപോലെ സ്വീകരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സിനിമ ഒരിക്കലും ഇസ്ലാമിന് എതിരല്ല. അതുകൊണ്ടുതന്നെ ഹർജിയിലെ ആരോപണങ്ങളിൽ കഴമ്പില്ല. സിനിമ ഇസ്ലാമിക് സ്റ്റേറ്റിനാണ് എതിര്. അള്ളാഹു ഏക ദൈവമാണെന്ന് സിനിമയിൽ പരാമർശിച്ചതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചിരുന്നു.
നിയമാനുസൃതമായ സംവിധാനം കണ്ട് തെറ്റുകൾ എല്ലാം തിരിത്തിയ ശേഷമാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്. കഴിഞ്ഞ നവംബറിൽ തന്നെ സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. എന്നാൽ അപ്പോൾ ആരും പ്രശനമുയർത്തിയില്ല. പല ചിത്രങ്ങളിലും ഹിന്ദു-ക്രിസ്ത്യൻവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രശ്നം ഉണ്ടായിട്ടില്ല. സിനിമയെ സിനിമ ആയി വേണം കാണാനെന്നും കോടതി പറഞ്ഞിരുന്നു.
Discussion about this post