ബംഗളൂരു : ആഭ്യന്തര കലാപങ്ങൾ രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ജനങ്ങളെ തിരികെ എത്തിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളും ഭയന്നിരുന്നപ്പോൾ സ്വന്തം ജനങ്ങളെ രക്ഷിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നോട്ട് പോയി എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് തനിക്ക് കണ്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“വികസിത രാജ്യങ്ങൾ പോലും തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കാൻ മടിച്ചുനിൽക്കുന്ന സാഹചര്യമായിരുന്നു സുഡാനിലേത്. എന്നാൽ ഇന്ത്യൻ സർക്കാർ ആ ദൗത്യം സധൈര്യം ഏറ്റെടുത്തു. ഓപ്പറേഷൻ കാവേരിയിലൂടെ നമ്മുടെ ജനങ്ങളെ കലാപഭൂമിയിൽ നിന്ന് രക്ഷിച്ച് തിരികെ കൊണ്ടുവന്നു. ഇത്രയും അപകടകരമായ സമയത്ത് പോലും കോൺഗ്രസ് നമ്മെ പിന്തുണച്ചില്ല,” പ്രധാനമന്ത്രി പറഞ്ഞു.
“എന്റെ ജനങ്ങളുടെ വേദന എനിക്ക് കണ്ടുനിൽക്കാനാകില്ല. അവരെ രക്ഷിക്കാൻ ഞാൻ ഏത് പരിധി വരെയും പോകും. ഇറാഖിൽ കുടുങ്ങിക്കിടന്ന നഴ്സുമാരെ രക്ഷിച്ചത് ബിജെപി സർക്കാരാണ്, പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും സർക്കാരിനായി” മോദി പറഞ്ഞു.
ബിജെപി സർക്കാർ ഓപ്പറേഷൻ കാവേരി ആരംഭിച്ച് ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിക്കുമ്പോൾ കർണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭത്തിനായി കാത്തിരിക്കുകയായിരുന്നു കോൺഗ്രസ്. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് ഭീകരത വളർത്തിയെടുക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം ഓപ്പറേഷൻ കാവേരിയുടെ കീഴിൽ ഇതുവരെ 3500-ലധികം ആളുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. തുടർന്ന് രക്ഷാദൗത്യം ഇന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.
Discussion about this post