കൊല്ലം: ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് കേരളത്തിൽ ചില തിയറ്ററുകൾ പിന്മാറുന്നത് ദൗർഭാഗ്യകരമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. തിയറ്ററുകളുടെ പിൻമാറ്റം ആരെയെങ്കിലും ഭയന്നിട്ടാണോ എന്നറിയില്ല. ആവശ്യമെങ്കിൽ തിയറ്ററുകൾക്ക് യുവമോർച്ച സംരക്ഷണം നൽകുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ. സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കേരളത്തിലെ ചിലരുടെ ഐ എസ് അനുകൂല മനോഭാവമാണ് പ്രകടമാക്കുന്നത്. കേരളത്തെ ഐ.എസിന്റെ വിളനിലമാക്കി മാറ്റുന്നതാണ് സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധമെന്നും യുവമോർച്ച അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ദ കേരള സ്റ്റോറി പറയുന്നത് കേരളീയ സമൂഹത്തെ സംബന്ധിച്ച് ഏറെ ഗൗരവമുള്ള വിഷയമാണ്. അതുകൊണ്ട് തന്നെയാണ് സിനിമ പ്രസക്തമാകുന്നതും. സിനിമയ്‌ക്കെതിരെ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾ ഈ പശ്ചാത്തലത്തിൽ കൂടിയാണ് കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി ഗോപകുമാർ യു തുടങ്ങിയവരും പ്രഫുൽ കൃഷ്ണന് ഒപ്പം ഉണ്ടായിരുന്നു.
Discussion about this post